കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ എസ്ടിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. പത്രിക പിൻവലിക്കുകയാണെന്ന് സ്ഥാനാർഥി കെ.എം. അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്ത് രാവിലെ ചേർന്ന എസ്ടിപിഐ യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാർഥിയായ കെ.എം.അഷ്റഫും വിസമ്മതിക്കുകയായിരുന്നു. ഇതിനു പിന്നാലെ അഷ്റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർച്ചയായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എസ്ഡിപിഐ എത്തിയത്.
എന്‍ഡിഎ കാലങ്ങളായി രണ്ടാം സ്ഥാനത്തു എത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുസ്ലിം ലീഗിന്റെ എ.കെ.എം.അഷ്റഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാർഥിയുടെ പേരിന് സമാനമായ പേരുള്ള കെ. എം.അഷ്റഫ് കൂടി മത്സരരംഗത്തേക്ക് എത്തുമ്പോള്‍ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.